ന്യൂഡല്‍ഹി: അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലം’ ബോഗിബീല്‍’ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലമാണ് അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് മോഡി രാജ്യത്തിന് സമര്‍പ്പിച്ചത്. 4.9 കിലോമീറ്റര്‍ ദൂരമുള്ള പാലം 5900 കോടി രൂപ ചെലവിട്ടാണു നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരമാണു പാലത്തിനുള്ളത്.
വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകമായ പാലം യാഥാര്‍ത്ഥ്യമായതോടെ അസം-അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയും. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണ് ആ പാലത്തിനുള്ളത്. അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാന്‍ ഇനി ഇന്ത്യക്കു കഴിയും.
1997 ജനുവരി 22നു മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയാണു പാലത്തിനു തറക്കല്ലിട്ടത്. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ 2002 ഏപ്രില്‍ 21നു നിര്‍മ്മാണം ആരംഭിച്ചു. 16 വര്‍ഷങ്ങള്‍ക്കിപ്പുറം വാജ്പേയിയുടെ ജന്മവാര്ഷിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.
Discussion about this post