ന്യൂഡല്‍ഹി: യുവസംരംഭക പന്‍ഖുരി ശ്രീവാസ്തവ ഹൃദയാഘാതം മൂലം മരിച്ചു. വനിതകള്‍ക്കായുള്ള ‘പന്‍ഖുരി’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെയും ‘ഗ്രാബ്ഹൗസ്’ എന്ന സ്റ്റാര്‍ട്ട്അപ്പിന്റെയും സ്ഥാപകയായിരുന്നു പന്‍ഖുരി. അപ്രതീക്ഷിത വിയോഗം 32-ാം വയസിലായിരുന്നു. ഡിസംബര്‍ 24നാണ് ഇവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പന്‍ഖുരി കമ്പനി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അറിയിച്ചിരുന്നു.
ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ ഇവര്‍ ഡിസംബര്‍ രണ്ടിന് വിവാഹ വാര്‍ഷികം ആഘോഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഝാന്‍സിയില്‍ ജനിച്ച പന്‍ഖുരി, രാജീവ് ഗാന്ധി ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുടക്കത്തില്‍ മുംബൈയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു.
ഗ്രാബ്ഹൗസ് എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡുകള്‍ക്കു വേണ്ടിയുള്ള സ്ഥാപനത്തെ 2016ല്‍ ഈ മേഖലയിലെ വമ്പന്മാരായ ക്വിക്ക്ര്‍ ഏറ്റെടുത്തിരുന്നു. സ്ത്രീകളുടെ ഓണ്‍ലൈന്‍ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ‘പന്‍ഖുരി’ക്ക് അമേരിക്കന്‍ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ പിന്തുണയുമുണ്ടായിരുന്നു. സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ എംഡി ശൈലേന്ദ്ര സിങ് മരണത്തില്‍ അനുശോചിച്ചു.