ലഖ്നൗ: വന്‍ നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ വ്യവസായി പീയുഷ് ജെയിന്‍ ഇതുവരെ ജീവിച്ചിരുന്നത് യാതൊരു ആഡംബരങ്ങളും പുറത്തുകാണിക്കാതെയെന്ന് റിപ്പോര്‍ട്ട്.
സമാജ്വാദി പാര്‍ട്ടിയുടെ സുഗന്ധദ്രവ്യ നിര്‍മ്മാണ ശാലയില്‍ നടന്ന റെയ്ഡില്‍ പാര്‍ട്ടി അനുഭാവിയുമായ പീയുഷ് ജെയിനിന്റെ പക്കല്‍ നിന്ന് 257 കോടി രൂപ അധികൃതര്‍ പിടിച്ചെടുത്തെങ്കിലും രണ്ട് പഴയ കാറുകള്‍ മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കാന്‍പുരിലെ വസതിക്കുള്ളിലേക്ക് സുരക്ഷാ ജീവനക്കാര്‍ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. ഈ വാഹനങ്ങളിലായിരുന്നു വര്‍ഷങ്ങളായി പീയുഷിന്റെ യാത്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുഗന്ധദ്രവ്യ വ്യവസായിയായ പീയുഷ് ജെയിനിനെ കഴിഞ്ഞ ദിവസാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ജിഎസ്ടി ഇന്റലിജന്‍സും ആദായനികുതി വകുപ്പും ഇദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കോടികളാണ് പിടിച്ചെടുത്തത്. പണമായി മാത്രം 257 കോടി രൂപ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. ഇതിന് പുറമേ കിലോക്കണക്കിന് സ്വര്‍ണവും വിദേശത്തടക്കമുള്ള സ്വത്തുവകകളുടെ രേഖകളും പിടിച്ചെടുത്തിരുന്നു.
അതേസമയം, ഇത്രയും സമ്പാദ്യം കുമിഞ്ഞുകൂടിയിട്ടും ധനികനാണെന്ന് ‘ഷോ’ കാണിക്കാന്‍ പീയുഷ് ജെയിന്‍ തയ്യാറായിരുന്നില്ല. ഒരുവശത്ത് നികുതിവെട്ടിച്ചും മറ്റും കോടികള്‍ സമ്പാദിക്കുമ്പോഴും സാധാരണരീതിയിലുള്ള ജീവിതമാണ് ഇദ്ദേഹം നയിച്ചുവന്നിരുന്നത്. പൊതുജനങ്ങളുടെയും സര്‍ക്കാറിന്റെയും കണ്ണില്‍പ്പെടാതിരിക്കാനായിരുന്നു ഈ സാധാരണജീവിതം. ഒരൊറ്റ വീട്ടുജോലിക്കാരെപ്പോലും കാന്‍പുരിലെ വസതിയില്‍ അദ്ദേഹം താമസിപ്പിച്ചിരുന്നില്ലെന്നാണ് വിവരം.
ആകെ രണ്ട് വാച്ച്മാന്‍മാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് വീടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. മാത്രമല്ല, ഒന്നരവര്‍ഷത്തിനിടെ വാച്ച്മാന്മാരെ മാറ്റിനിയമിക്കുകയും ചെയ്തിരുന്നു. ഒരാള്‍ക്ക് മാസം 7500 രൂപ ശമ്പളം നല്‍കിയാണ് പീയുഷ് തന്റെ ‘കോടികള്‍’ സംരക്ഷിച്ചിരുന്നത്.
ഇട്ടുമൂടാനുള്ള പണം സമ്പാദിച്ചിട്ടും സാധാരണ കാറുകളിലായിരുന്നു പീയുഷിന്റെ യാത്ര. രണ്ട് പഴയ കാറുകളാണ് അദ്ദേഹം ഉപയോഗിച്ചുവന്നിരുന്നത്. ഒരു പഴയ ടൊയോട്ട കൊറോളയും ഫോക്സ് വാഗന്‍ വെന്റോയും. മകന്‍ പ്രത്യൂഷിന്റെ പേരിലായിരുന്നു ടൊയോട്ട കാര്‍ വാങ്ങിയിരുന്നത്. ഫോക്സ് വാഗന്‍ കാറിന് ഏഴ് വര്‍ഷം പഴക്കമുണ്ട്. ഈ കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ നവംബറില്‍ അവസാനിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആദായനികുതി വകുപ്പും ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പീയുഷ് ജെയിനിന്റെ കാന്‍പുരിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
വീട്ടില്‍നിന്ന് കണ്ടെടുത്ത പണം എണ്ണിതീര്‍ക്കാന്‍ മാത്രം മണിക്കൂറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിവന്നത്. പണം ഇനിയും എണ്ണാനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുപുറമേയാണ് കിലോക്കണക്കിന് സ്വര്‍ണവും വിവിധ വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തത്.
കോടികള്‍ വിലമതിക്കുന്ന 16 വസ്തുവകകളുടെ രേഖകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. ഇതില്‍ നാലെണ്ണം കാന്‍പുരില്‍ തന്നെയാണ്. ഏഴ് വസ്തുവകകള്‍ കനൗജിലാണെന്നും രണ്ടെണ്ണം മുംബൈയിലുണ്ടെന്നും ഒരെണ്ണം ഡല്‍ഹിയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുബായില്‍ രണ്ട് വസ്തുവകകളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പീയുഷിന്റെ വീട്ടില്‍ 18 ലോക്കറുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. 500 താക്കോലുകളടങ്ങിയ വലിയൊരു താക്കോല്‍ക്കൂട്ടവും കണ്ടെടുത്തു. ഇതില്‍ പല താക്കോലുകളും ഉപയോഗിച്ചാണ് ലോക്കറുകള്‍ തുറക്കാന്‍ ശ്രമിച്ചത്.
അതേസമയം, ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയപ്പോള്‍ പീയുഷ് ജെയിന്‍ ഡല്‍ഹിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജോലിക്കാരന്‍ വെളിപ്പെടുത്തി. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെല്ലാം ഡല്‍ഹിയിലായിരുന്നു. പീയുഷിന്റെ രണ്ട് ആണ്‍മക്കള്‍ മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചതോടെയാണ് പീയുഷ് ജെയിന്‍ കാന്‍പുരില്‍ മടങ്ങിയെത്തിയതെന്നും വീട്ടുജോലിക്കാരനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുഗന്ധദ്രവ്യ വ്യാപാരിയെന്ന നിലയിലാണ് പീയുഷ് ജെയിന്‍ അറിയപ്പെട്ടിരുന്നത്. കാന്‍പുര്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്. കനൗജിലും മുംബൈയിലും പീയുഷിന് ഓഫീസുകളുണ്ട്.