ലഖ്നൗ: എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി. യോഗി ആദിത്യനാഥ് വീണ്ടും യുപിയില്‍ അധികാരത്തിലെത്തിയാല്‍ ഉവൈസി പൂണൂല്‍ ധരിക്കുമെന്നും ശ്രീരാമന്റെ പേര് ജപിക്കുമെന്നുമാണ് പഞ്ചായത്തിരാജ് വകുപ്പ് മന്ത്രിയായ ഭൂപേന്ദ്ര സിംഗ് ചൗധരിയുടെ വിവാദ പ്രസ്താവന.
ഞായറാഴ്ച യുപിയിലെ ഷമ്ലിയില്‍ ഒരു യുവജന റാലിയില്‍ വെച്ചായിരുന്നു മന്ത്രി വിവാദപരമായ പ്രസ്താവന നടത്തിയത്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരെക്കുറിച്ചും സമാനമായ പരാമര്‍ശം മന്ത്രി നടത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിക്കുന്നതും അഖിലേഷ് യാദവ് ഹനുമാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നമസ്‌കരിക്കുന്നതും പോലെ അതിന് തുടര്‍ച്ചയായിട്ടായിരിക്കും ഉവൈസിയും പൂണൂല്‍ ധരിക്കുക എന്നാണ് ഇയാള്‍ പറഞ്ഞത്.
”ഞങ്ങള്‍ ഞങ്ങളുടെ അജണ്ടയുമായി മുന്നോട്ട് പോകുകയാണ്. ഈ അജണ്ട കാരണമാണ് അഖിലേഷ് യാദവ് ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ചെന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്.
ഈ അജണ്ട കാരണമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച് തുടങ്ങിയതും. ഇതാണ് ഞങ്ങളുടെ അജണ്ടയുടെ സ്വാധീനം. ആളുകള്‍ അവരുടെ സ്വന്തം അജണ്ടകള്‍ ഉപേക്ഷിക്കുകയും പകരം ഞങ്ങളുടെത് പിന്തുടരാന്‍ തുടങ്ങുകയും ചെയ്യും,” ചൗധരി പിടിഐയോട് പ്രതികരിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചിരുന്നവര്‍, ശ്രീരാമന്‍ ഇവിടെ നിലനില്‍ക്കുന്നതായി വിശ്വസിക്കാത്ത ആളുകള്‍ വരെ പൂണൂല്‍ ധരിക്കാനും അമ്പലങ്ങളില്‍ പോകാനും തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
2007ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ ശ്രീരാമന്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല എന്ന് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന.
യുപിയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉവൈസി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post