ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 257 കോടിയുടെ കള്ളപ്പണം ജിഎസ്ടി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡിൽ കണ്ടെത്തിയതിന് പിന്നാലെ വ്യവസായി പിയൂഷ് ജെയിൻ അറസ്റ്റിൽ. ഇയാൾക്ക് എതിരെ സിജിഎസ്ടി നിയമം 69ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് ഞായറാഴ്ച ജിഎസ്ടി ഇൻറലിജൻസ് പിയൂഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കാൺപൂർ, കനൗജ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടത്തിയ റെയ്ഡിൽ നികുതി അടക്കാത്ത കോടിക്കണക്കിന് രൂപ ഇയാളുടെ വീട്ടിൽനിന്നും ഓഫീസിൽനിന്നുമായി കണ്ടെടുത്തു.
പരിശോധനയിൽ ജെയിനിന്റെ കാൺപൂരിലെ വീട്ടിൽനിന്ന് 150 കോടി രൂപ പ്ലാസ്റ്റിൽ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെടുത്തിരുന്നു. ഇതുകൂടാതെ സ്വർണം, വെള്ളി തുടങ്ങിയവയും പിടിച്ചെടുത്തു. റെയ്ഡിൽ ജെയിനിന്റെ ഉടമസ്ഥതയിലുള്ള 257കോടിയുടെ പണവും സ്വർണവുമാണ് ഇതുവരെ കണ്ടെത്തിയത്.
ജെയിനിന്റെ വീട്ടിലും ഓഫീസിലുമായി 36 മണിക്കൂറാണ് റെയ്ഡ് നീണ്ടുനിന്നത്. പണം എണ്ണിത്തിട്ടപ്പെടുത്താനായി ഉദ്യോഗസ്ഥർ നോട്ടെണ്ണൽ മെഷീൻ എത്തിച്ചിരുന്നു. തുടർന്ന് എണ്ണിയ 175 കോടിയോളം രൂപ കണ്ടെയ്‌നർ ലോറിയിലാക്കി ബാങ്കിലേക്ക് മാറ്റി.
കടലാസുകൾ കമ്പനികൾ വഴി ജെയിൻ പണം വകമാറ്റിയെന്നും ഇതിനിടെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ജെയിനിന്റെ ഉടമസ്ഥതയിൽ 40ഓളം കമ്പനികളുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ജെയിനെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ആരോപണങ്ങൾ സമാജ്‌വാദി പാർട്ടി തള്ളിക്കളഞ്ഞിട്ടുണഅട്.