ന്യൂഡല്‍ഹി: രാജ്യത്ത് ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ പിഴ ഈടാക്കാനുള്ള പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. തടസ്സമില്ലാതെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നീക്കം.
ഇനി മുതല്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ വൈദ്യുത വിതരണ കമ്പനികള്‍ക്ക് പിഴ ഈടാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കമ്പനികള്‍ പിഴ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍ അടക്കമുള്ള നടപടികള്‍ കൈക്കൊള്ളും. പരിഷ്‌കരിച്ച വൈദ്യുതി നിരക്ക് നിയമത്തില്‍ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളുണ്ട്. രാജ്യത്തെ വൈദ്യുത വിതരണ ശൃംഖലയെ നിരീക്ഷിക്കാനുള്ള നിര്‍ദേശവും നിയമത്തിലുണ്ട്.
അതേസമയം രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ സമയപരിധി അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു സമയപരിധി.