ബംഗളൂരു: സ്‌കൂളില്‍ കയറി ക്രിസ്മസ് ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍. ആഘോഷം തടയുന്നതിനു പുറമെ പ്രവര്‍ത്തകര്‍ ഭീഷണിയും മുഴക്കി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് തടഞ്ഞ് ഭീഷണി മുഴക്കിയത്. മാണ്ഡ്യയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആന്റ് കോളേജിലെത്തിയ സംഘം ക്രിസ്മസ് ആഘോഷം തടയുകയായിരുന്നു.
ക്രിസ്മസിനു പകരം, ഹിന്ദുക്കളുടെ ആഘോഷമായ ഗണേശോത്സവം ആഘോഷിക്കണമെന്നും സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളില്‍ വെയ്ക്കണമെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്നും കൊവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷിച്ചിരുന്നില്ലെന്നും കുട്ടികള്‍ തന്നെയാണ് കേക്ക് വാങ്ങിയതെന്നും കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു.
എന്നാല്‍, ഒരു കുട്ടിയുടെ രക്ഷിതാവ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എതിര്‍പ്പുപ്രകടിപ്പിച്ച രക്ഷിതാവാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതെന്നും ആരോപണമുണ്ട്. സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍, ഈ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.