ലഖ്നൗ : രാജ്യത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.
ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. കര്‍ഫ്യൂ കൂടാതെ മറ്റ് കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളില്‍ മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് സാധനങ്ങള്‍ കൊടുക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുപിയില്‍ എത്തുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഇതിനായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇരുന്നൂറ് പേരില്‍ കൂടുതലുള്ള ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കുണ്ട്.
രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നതിനാല്‍ യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാനാവുമോയെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അടക്കം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 49 കോവിഡ് കേസുകളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 266 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ആകെ ജനസംഖ്യയില്‍ 45.66 പേര് വാക്സീന് രണ്ട് ഡോസും സ്വീകരിച്ചു.
Discussion about this post