തന്റെ വിവാഹത്തിന് കന്യാദാന ചടങ്ങ് വേണ്ടെന്ന ഉറച്ച നിലപാട് സ്വീകരിച്ച ഐഎഎസുകാരി തപസ്യ പരിഹാര്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങളെ വലിച്ചുപുറത്തിടുന്ന ഈ നിലപാടിന് കൈയ്യടിക്കുകയാണ് സൈബറിടം.
മധ്യപ്രദേശിലെ നര്സിംഗ്പൂര് ജില്ലയില്‍ നിന്നുള്ള തപസ്യ പരിഹാര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് ഉറച്ച നിലപാട് കൈകൊണ്ടത്. ഐഎഫ്എസ് ഓഫീസറായ ഗര്‍വീത് ഗംഗ്വാറാണ് തപസ്യക്ക് താലി ചാര്‍ത്തുന്നത്. വധുവിനെ ഉത്പന്നം പോലെ കണക്കാക്കി വരനെ ഏല്പിക്കുന്ന ചടങ്ങിന് താന്‍ തയ്യാറല്ലെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു തപസ്യ.
ദാനമായി നല്കാന് താനൊരു വസ്തുവല്ലെന്നും ഒരു മകളാണെന്നും പറഞ്ഞാണ് തപസ്യ ചടങ്ങിനെതിരെ രംഗത്തെത്തിയത്. കുട്ടിക്കാലം തൊട്ടേ അത്തരം പാട്രിയാര്‍ക്കല്‍ ചിന്തകള്‍ക്കെതിരെ തപസ്യ ശബ്ദമുയര്‍ത്തിയിരുന്നുവെന്ന് കുടുംബവും പറയുന്നു. തീരുമാനം അറിയിച്ചപ്പോള്‍ കുടുംബത്തിനൊപ്പം വരന് ഗര്‍വീതും പൂര്‍ണ പിന്തുണ അറിയിച്ചു. ഇതോടെ ആ ആചാരം പടിക്ക് പുറത്താവുകയായിരുന്നു.
കന്യാദാനം എന്ന വാക്ക് ഇന്നത്തെ കാലത്തിന് ചേര്‍ന്നതല്ലെന്ന് തപസ്യയുടെ അച്ഛന് വിശ്വാസും പറയുന്നു. മകളുമായി ബന്ധപ്പെടുത്തി പറയേണ്ട വാക്കല്ല ദാനം, അച്ഛന്റെ ഇടത്തു നിന്നും പെണ്മക്കളെ ഇല്ലാതാക്കാനുള്ള ആചാരങ്ങളാണ് ഇവയെന്നും അദ്ദേഹം പറയുന്നു.
Discussion about this post