ചണ്ഡീഗഢ് : എക്‌സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനുമുള്ള നിയമപരമായ പ്രായം 25ല്‍ നിന്നും 21 ആക്കിക്കുറച്ചു.
എക്‌സൈസുമായി ബന്ധപ്പെട്ടതുള്‍പ്പടെ ആറ് ബില്ലുകളാണ് ഹരിയാന നിയമസഭയില്‍ ബുധനാഴ്ച പാസാക്കിയത്. മുമ്പത്തേക്കാള്‍ സാമൂഹിക സാമ്പത്തിക ചട്ടങ്ങളില്‍ ഗണ്യമായ മാറ്റം വന്നതിനാലും ആളുകള്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരായി മാറിയതിനാലും മദ്യപാനത്തിന്റെ കാര്യത്തില്‍ ആളുകളില്‍ നിന്ന് ഉത്തരവാദിത്തപൂര്‍ണമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്ന് ബില്ലില്‍ പറയുന്നു.
2021-22ലെ എക്‌സൈസ് നയം രൂപീകരിക്കുന്ന സമയത്ത് ഡല്‍ഹി ഉള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ മദ്യപിക്കുന്നതിനുള്ള പ്രായപരിധി 21 ആക്കി കുറച്ചിരുന്നു. നയങ്ങള്‍ പ്രഖ്യാപിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡല്‍ഹി സര്‍ക്കാര്‍ ഇനി നഗരത്തില്‍ മദ്യവില്‍പനശാലകള്‍ നടത്തുകയില്ലെന്നും ദേശീയ തലസ്ഥാനത്ത് പുതിയ മദ്യക്കടകള്‍ തുറക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു.
വന്‍ നഗരങ്ങളായ ന്യൂയോര്‍ക്കിലും ലണ്ടനിലുമടക്കം 21ഉം പതിനെട്ടുമാണ് മദ്യപിക്കുന്നതിനുള്ള നിയമപരമായ പ്രായം.