ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഡല്‍ഹി ദുരന്ത-നിവാരണ കമ്മിറ്റിയുടേതാണ് നടപടി.
നിയമം കര്‍ശനമായി നടപ്പിലാക്കാനും നിത്യേന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ അധികൃതര്‍ക്കും പോലീസിനും നിര്‍ദേശമുണ്ട്. മാസ്‌കില്ലാതെ എത്തുന്നവരെ കടകളില്‍ പ്രവേശിപ്പിക്കരുതെന്ന് മാര്‍ക്കറ്റിലെ വാണിജ്യ സംഘടനകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ 57 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും അപേക്ഷിച്ച് വലിയ നിരക്കാണിത്. 213 കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ കര്‍ശന ജാഗ്രതയോടെയും തയ്യാറെടുപ്പുകളോടെയും ഇരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. രാത്രി കര്‍ഫ്യൂ അടക്കമുള്ള പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തണമെന്നും ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.