ന്യൂഡല്‍ഹി: ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപന തോത് മൂന്നിരട്ടി കൂടുതലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘ വീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.
ഒമിക്രോണ്‍ ഭീഷണിക്ക് ഒപ്പം തന്നെ ഡെല്‍റ്റ വകഭേദം ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന സംസ്ഥാനങ്ങളുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.
അപകടസാധ്യത കണക്കിലെടുത്ത് വേണം പ്രവര്‍ത്തനം താഴേത്തട്ടില്‍ ഏകോപിപ്പിക്കാനെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ നൈറ്റ് കര്‍ഫ്യൂ, ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.
ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ തയ്യാറാക്കാനും ആംബുലന്‍സ്, ഓക്സിജന്‍ ലഭ്യത എന്നിവ ഉറപ്പുവരുത്താനും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പരിശോധനകളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്നും കത്തില്‍ പറയുന്നു.
സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍, ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളിലെ നിരീക്ഷണം എന്നിവയും കര്‍ശനമാക്കണം. അതോടൊപ്പം, വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.