ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി പുരുഷന്മാരുടെ വിവാഹപ്രായത്തിനൊപ്പം ആക്കുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
അതേസമയം, ബിൽ അവതരണത്തെ എതിർത്ത് പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധമാണ് നടത്തിയത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ബിൽ കീറിയെറിഞ്ഞു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.
ഇതിനിടെ, പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്ന് വിവാഹപ്രായ ഏകീകരണ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. മതേതര മുഖമുള്ള ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 75 വർഷത്തിന് ശേഷം വിവാഹബന്ധത്തിൽ തുല്യത ഉറപ്പാക്കിയെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി അവകാശപ്പെട്ടു.
’19ാം നൂറ്റാണ്ടിൽ പെൺകുട്ടികളുടെ വിവാഹപ്രായം പത്ത് വയസായിരുന്നു. 84 ൽ അത് 15 ആയി. ഇതാദ്യമായി വിവാഹത്തിന് സ്ത്രീയ്ക്കും പുരുഷനും ഒരേ പ്രായപരിധി നൽകുകയാണ്,’ സ്മൃതി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
Discussion about this post