ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍. രാജ്യസഭയിലാണ് രോഷത്തോടെ ജയ ശാപവാക്കുകള്‍ ചൊരിഞ്ഞത്. 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉന്നയിച്ച ജയ ബച്ചന്‍, സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ലെന്നും തുറന്നടിച്ചു. സഭ നിയന്ത്രിച്ചിരുന്ന ഭുവേനേശ്വര്‍ കാലിതയെക്കുറിച്ച് ജയ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തുവന്നു.
എന്നാല്‍ സഭാനാഥനില്‍ നിന്ന് നീതിയാണ് വേണ്ടതെന്ന് ജയ പറഞ്ഞു. സര്‍ക്കാര്‍ ഇങ്ങനെ അധികകാലം പോകില്ലെന്ന് താന്‍ ശപിക്കുന്നതായും ജയ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഷുറന്‍സ് ബില്‍ പാസാക്കുന്നതിനെതിരെ കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയില്‍ പ്രതിഷേധിച്ചതിനാണ് എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരടക്കമുള്ള 12 പ്രതിപക്ഷ എംപിമാരെ സമ്മേളനത്തില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തത്.
കോണ്‍ഗ്രസിന്റെ ആറും തൃണമൂലിന്റെയും ശിവസേനയുടെയും 2 വീതവും എംപിമാര്‍ നടപടി നേരിട്ടിരുന്നു. രാജ്യസഭയുടെ ചരിത്രത്തില്‍ ഇത്രയും പേര്‍ക്കെതിരെ നടപടി ആദ്യമായാണ്.