ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടുവലിഞ്ഞ് കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായേക്കും. രാഷ്ട്രീയ പാർട്ടികളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും അടക്കം സമ്മിശ്ര പ്രതികരണം വരുന്ന പശ്ചാത്തലത്തിൽ തിരക്കു പിടിച്ച നീക്കത്തിലേക്ക് കടക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രതിപക്ഷ പാർട്ടികൾ സഭയിൽ എന്ത് ആവശ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബില്ലിന്റെ അടുത്ത നീക്കം. ബില്ലിനെ പാർലമെന്ററി പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. സെലക്ട് കമ്മിറ്റിക്ക് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്താമെന്ന് ഒരു മുതിർന്ന മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ബില്ലിനെ എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടി, എഐഎംഐഎം തുടങ്ങിയ പാർട്ടികളും എതിർപ്പറിയിച്ചിട്ടുണ്ട്. അതിനിടെ, ഈ സഭാസമ്മേളനത്തിൽ തന്നെ ബില്ല് പാസാക്കിയെടുക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ സഭാ സ്തംഭനം കാരണമാണ് പിന്മാറ്റം.