ചെന്നൈ: രോഗ ശമനത്തിന് ആറു മാസം പ്രായമുള്ള കുട്ടിയെ ബലി നല്കിയ സംഭവത്തില്‍ മലയാളി മന്ത്രവാദിയടക്കം മൂന്ന് പേര് തഞ്ചാവൂരില്‍ പിടിയിലായി.
പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന് എന്നിവരാണ് പിടിയിലായത്.
അസറുദ്ദീന്റെ രോഗം മാറുന്നതിന് സലീമിന്റെ നിര്‍ദ്ദേശപ്രകാരം ഷര്‍മിള ബന്ധുവിന്റെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. വിദേശത്തായിരുന്ന അസറുദ്ദീന് രോഗത്തെ തുടര്‍ന്ന് നാട്ടിലെത്തി പല ചികിത്സകളും ചെയ്തെങ്കിലും രോഗം ഭേദമായില്ല. ഇതോടെയാണ് അസറുദ്ദീനും ഷര്‍മിളയും പുതുക്കോട്ട ജില്ലയിലെ കൃഷ്ണഞ്ചി പട്ടണത്ത് മന്ത്രവാദങ്ങള്‍ ചെയ്തു വന്ന സലീമിന്റെയടുത്ത് മന്ത്രവാദത്തിനെത്തുന്നത്.
കോഴിയെയും ആടിനെയും ബലി നല്കാന് സലീം നിര്‍ദ്ദേശിച്ചു. ഇത് ഫലം കണ്ടില്ലെങ്കില്‍ നരബലി നടത്തണമെന്നും പറഞ്ഞു. മൃഗബലി ഫലിക്കാഞ്ഞതോടെ ഷര്‍മിള സഹോദരിയുടെ മകന് നസറുദ്ദീന്റെ ആറു മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച രാത്രി നസറുദ്ദീന്റെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിലുള്ള മത്സ്യപ്പെട്ടിയില്‍ ഉപേക്ഷിച്ചു. കുട്ടിയുടെ കബറടക്കം കഴിഞ്ഞ ദിവസം നടക്കുകയും ചെയ്തു. എന്നാല്‍ വില്ലേജ് ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ വഴിതെളിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിന്റെ സംശയം പോലീസിനെ അറിയിക്കുകയും മൃതദേഹം പുറത്തെടുത്ത് കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. ഒടുവില്‍ ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തു വന്നത്.
എന്നാല്‍ താന്‍ നരബലി നടത്താന്‍ പറഞ്ഞിട്ടില്ലെന്നും കോഴിയെയോ ആടിനെയോ ബലി നല്‍കാനാണ് പറഞ്ഞതെന്നാണ് സലീം ഉയര്‍ത്തുന്ന വാദം. എന്നാല്‍ സലീം പറഞ്ഞത് പ്രകാരമാണ് നരബലി നടത്തിയതെന്ന് ഷര്‍മിള പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Discussion about this post