ന്യൂഡല്‍ഹി: ഹനുമാന്റെ ജാതിയും മതവും ചര്‍ച്ച ചെയ്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍. ഭഗവാന് ഹനുമാന്റെ ജാതി പറഞ്ഞുകൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ അവസാനിപ്പിക്കുന്നതാകും നല്ലത്, ഹനുമാന്റെ വാല് ഒന്നിളക്കിയപ്പോഴേക്കും മൂന്ന് സംസ്ഥാനങ്ങള്‍ കൈകളില്‍ നിന്നും നഷ്ടമായി. കൂടുതല്‍ കളിക്കണ്ട, ലങ്കാ ദഹനം തന്നെ നടന്നേക്കും എന്നാണ് ബബ്ബറിന്റെ പ്രസ്താവന.
രാജസ്ഥാനിലും ചത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപിയ്ക്ക് ഭരണം നഷ്ടപ്പെട്ടതിന്റെയും ഹനുമാന് വിവാദങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ബബ്ബറിന്റെ പ്രസ്താവന.
നേരത്തെ യോഗി ആദിത്യനാഥ്, പര്‍വ്വതങ്ങളിലും കാട്ടിലും വസിച്ചിരുന്ന ഹനുമാന് ദളിത് വിഭാഗക്കാരനാണെന്ന് പറഞ്ഞത് ഏറെ വിവാദമുണ്ടാക്കിയിരുന്നു, ഇതിനു പിന്നാലെ ഹനുമാന് മുസ്ലിമാണെന്ന വാദവുമായി ബിജെപി എംഎല്‍എ ബാകുല്‍ നവാബും, ജാട്ട് സമുദായമായിരുന്നെന്ന് യുപി മന്ത്രി ചൗധരി ലക്ഷ്മി നാരായണും അഭിപ്രായപ്പെട്ടത് ട്രോളന്മാര്ക്ക് ചാകരയായി.
പിന്നീട് കഴിഞ്ഞദിവസം, രാജ്യത്തെ എല്ലാ കായിക താരങ്ങളും ആരാധിച്ചു പോരുന്ന മികച്ചൊരു കായിക താരമായിരുന്നു ഹനുമാനെന്ന് പറഞ്ഞ് ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാനും രംഗത്തെത്തിയതോടെ രംഗം കൊഴുക്കുകയായിരുന്നു. ഇതിനെയാണ് കോണ്‍ഗ്രസ് പരിഹസിച്ചിരിക്കുന്നത്.
Discussion about this post