ബെംഗളുരു : നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട്. നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കുറ്റക്കാര്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ.
എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. മതപരിവര്‍ത്തനം ചെയ്യുന്നവര്‍ ഒരു മാസം മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണം. ജില്ലാ മജിസ്‌ട്രേറ്റോ അഡീഷണല്‍ മജിസ്‌ട്രേറ്റോ ആണ് അനുമതി നല്‍കേണ്ടത്.
വിവാഹത്തിനായി നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം, സൗജന്യ വിദ്യാഭ്യാസം, ജോലി വാഗ്ദാനം ചെയ്തുള്ള മതംമാറ്റം എന്നിവയും ശിക്ഷാര്‍ഹമായിരിക്കും. ബില്ലിന്റെ നിയമസാധുത പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് സര്‍ക്കാര്‍ ബില്‍ അവതരിപ്പിക്കുന്നത്.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് സൂചനകള്‍. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തേ തന്നെ മതിപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ അക്രമങ്ങള്‍ക്ക് പിന്നാലെയാണ് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.