ബിജ്നോർ: ഉത്തർപ്രദേശിലെ സ്വയംപ്രഖ്യാപിത ആൾദൈവം രാമദാസ് ഗിരി(56)യെ പരിക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം മർദ്ദനത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ബിജ്നോർ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമദാസ് ഗിരി കുറിച്ച് നൽകിയ നമ്പറിൽ ലോട്ടറി ടിക്കെറ്റടുത്തിട്ടും സമ്മാനം ലഭിക്കാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്നോർ നങ്ഗൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കവർച്ചാശ്രമമല്ലെന്നും വ്യക്തമായി. തുടർന്ന് രാമദാസ് ഗിരിയുമായി ബന്ധപ്പെട്ടവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് മുഹമ്മദ് ജിഷാനിലേക്കെത്തിയത്.
ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിച്ചേക്കാവുന്ന ടിക്കറ്റുകളുടെ നമ്പറുകൾ ഇദ്ദേഹം കുറിച്ചുനൽകിയിരുന്നു. ഇത്തരത്തിൽ നറുക്കെടുപ്പിന്റെ ഭാഗ്യനമ്പറുകൾ പ്രവചിച്ചാണ് ഇയാൾ പ്രശസ്തി നേടിയിരുന്നത്. നമ്പർ കുറിച്ചുനൽകിയവരിൽ ചിലർക്ക് വൻ സമ്മാനങ്ങൾ ലഭിച്ചതോടെ രാമദാസ് ഗിരിയുടെ പ്രശസ്തി വർധിച്ചു.
അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയുടെ അടുത്തെത്തിയത്. 51,000 രൂപയും മൊബൈൽഫോണും ദക്ഷിണയായി നൽകിയാണ് രാമദാസ് ഗിരിയിൽനിന്ന് ജിഷാൻ ഭാഗ്യനമ്പറുകൾ വാങ്ങിയത്. തുടർന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് ഈ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകൾ വാങ്ങി. എന്നാൽ ഫലം പ്രഖ്യാപിച്ചപ്പോൾ ജിഷാന് ഒരു സമ്മാനവും ലഭിച്ചില്ല.
ഇതോടെ പ്രകോപിതനായ ജിഷാൻ രാമദാസ് ഗിരിയെ വലിയ വടി കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു. കൊലക്കുറ്റം അടക്കം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ബിജ്നോർ പോലീസ് സൂപ്രണ്ട് ധരംവീർ സിങ് അറിയിച്ചു.
Discussion about this post