റായ്പുര്‍: കര്‍ഷകര്‍ക്ക് വേണ്ടിയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റിയും സാധിച്ചു കൊടുത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍. അധികാരത്തിലേറിയതിനു പിന്നാലെ കാര്‍ഷിക വായ്പ എഴുതി തള്ളിയിരുന്നു. ഇതിനു ശേഷവും കര്‍ഷകരോട് അടുത്ത് വരികയാണ് സര്‍ക്കാര്‍. സ്റ്റീല്‍ പ്ലാന്റിനു വേണ്ടി സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും ഭൂമി ഏററെടുത്തിരുന്നു. ഈ ഭൂമി അതേ കര്‍ഷകര്‍ക്ക് തന്നെ തിരികെ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. പുതിയ തീരുമാനത്തെ നിറകൈയ്യടികളോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
ബസ്തറിലെ ഗോത്രവിഭാഗത്തില്‍ പെടുന്ന കര്‍ഷകരില്‍ നിന്നാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. ടാറ്റാ സ്റ്റീല്‍ പ്ലാന്റിനു വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. പദ്ധതി നടപ്പാവാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് മടക്കി നല്കാന് ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഭൂമി തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ അടുത്ത ക്യാബിനറ്റ് യോഗത്തിനു മുമ്പേ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത ശേഷം അടുത്ത ചൊവ്വാഴ്ചയാകും ക്യാബിനറ്റ് യോഗം നടക്കുക. സ്ഥലം ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞും പദ്ധതി ആരംഭിച്ചിട്ടില്ലെങ്കില്‍ ഉടമകള്‍ക്ക് ഭൂമി തിരികെ നല്‍കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. 2005ല്‍ അന്നത്തെ ബിജെപി സര്‍ക്കാരാണ് ബസ്തര്‍ ജില്ലയിലെ ലോഹന്ദിഗുദാ മേഖലയില്‍ സ്റ്റീല്‍ പ്ലാന്റ് ആരംഭിക്കുന്നതിന് ടാറ്റയുമായി കരാര്‍ ഒപ്പിട്ടത്. 2008ലാണ് ഭൂമി ഏറ്റെടുത്തത്.
Discussion about this post