ന്യൂഡല്‍ഹി : കുട്ടികള്‍ക്കുള്ള നോവാവാക്‌സ് കോവിഡ് വാക്‌സീന്‍ ആറ് മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയായിരുന്നു വാക്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം നല്‍കിയത്.
യുഎസില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സീന്‍ കോവോവാക്‌സ് എന്ന പേരിലായിരിക്കും ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുക. വാക്‌സീന്‍ അവസാനഘട്ട പരീക്ഷണത്തിലാണെന്നും മൂന്ന് വയസ്സ് വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് കാണിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സീന്‍ നിര്‍മാതാക്കളായ സീറം പ്രതിവര്‍ഷം 1.5 ബില്യണ്‍ ഡെസ് വാക്‌സീനാണ് നിര്‍മിക്കുന്നത്. നിലവില്‍ 165 രാജ്യങ്ങളില്‍ ഇന്ത്യ നിര്‍മിച്ച വാക്‌സീനുകള്‍ വിതരണം ചെയ്യുന്നുണ്ട്. നോവാവാക്‌സ് കൂടാതെ ആസ്ട്രാസെനെക, സ്പുട്‌നിക് ഷോട്ടുകളും സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മിക്കുന്നത്.