കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്കിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കര്‍മ ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കോയമ്പത്തൂരിലെ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരാതി നല്‍കിയത്. കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ കോയമ്പത്തൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ വന്‍ ആഘോഷവും ഡിജെ പാര്‍ട്ടിയും നടത്തിയെന്നായിരുന്നു യൂട്യൂബ് ചാനലിലെ വാര്‍ത്ത.
മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചാനല്‍ പുറത്തുവിട്ടിരുന്നത്. നീലഗിരിയിലെയും കോയമ്പത്തൂരിലെയും കോളജുകളിലെ വിദ്യാര്‍ഥികള്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നു എന്ന പേരിലായിരുന്നു വീഡിയോ. വീഡിയോ വൈറലായതോടെ കോളജിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നവരാണ് ഈ വിദ്യാര്‍ഥികളെന്നും ചില ദൃശ്യങ്ങള്‍ സഹിതം യൂട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ഹെലികോപ്റ്റര്‍ അപകടം നടന്നതിന്റെ പിറ്റേദിവസമായ ഡിസംബര്‍ ഒമ്പതിനാണ് പാര്‍ട്ടി നടന്നതെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
ഡിസംബര്‍ ഏഴാം തീയതി കോളേജ് ഹോസ്റ്റലില്‍ നടന്ന ഫ്രഷേഴ്സ് പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് ഹെലികോപ്റ്റര്‍ അപകടം ആഘോഷിക്കുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടതെന്നും ഇത് വ്യാജ വാര്‍ത്തയാണെന്നും മാനേജ്മെന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാജ്യവിരുദ്ധ ശക്തികള്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നു എന്ന സൂചന നല്‍കിയായിരുന്നു വീഡിയോ.
രാജ്യം മൊത്തം സൈനികരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്ന വേളയിലാണ് മറിച്ചുള്ള പ്രചാരണം നടന്നത്. ഡിസംബര്‍ എട്ടിനാണ് നീലഗിരിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ ദുരന്തമുണ്ടായതും ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര് മരിച്ചതും.
അപകടം നടന്നതിന്റെ പിറ്റേദിവസം കോളേജില്‍ അനുസ്മരണ പരിപാടികളടക്കം സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു.
Discussion about this post