പോരാളികൾക്ക് ആദരം; കർഷക സമരത്തിന് നേതൃത്വം നൽകിയവരെ സുവർണക്ഷേത്രത്തിൽ ആദരിക്കും; കർഷകർക്ക് മേൽ വിമാനത്തിൽ നിന്നും പുഷ്പവൃഷ്ടി

അമൃത്സർ: കർഷക സമരം വൻവിജയമായതിനെ തുടർന്ന് സമരത്തിന് മുന്നണി പോരാളികളായ കർഷകർക്ക് പഞ്ചാബിൽ സ്വീകരണം. സംഘടനാ നേതാക്കളെ സുവർണ ക്ഷേത്രത്തിൽ ഇന്ന് ആദരിക്കും. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം.

അതേസമയം കർഷക കൂട്ടായ്മ അവസാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കർഷകർ ആവശ്യപ്പെടുന്നിടത്തെല്ലാം കൂട്ടായ്മകൾ സംഘടിപ്പിക്കും. 17ന് തമിഴ്‌നാട്ടിലും 19ന് മഹാരാഷ്ട്രയിലെ വാർധയിലും യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.

ഇതിനിടെ, സമരഭൂമിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കർഷകർക്കുമേൽ വിമാനത്തിൽനിന്ന് പുഷ്പവൃഷ്ടി നടത്തിയതും വലിയ ചർച്ചയാവുകയാണ്. ഹരിയാന-പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിൽ വെച്ചാണ് വിമാനത്തിൽ നിന്ന് പുഷ്പ വൃഷ്ടി നടത്തിയത്. വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്. ഒരു വർഷം നീണ്ട സമരത്തിനൊടുവിലാണ് കർഷകർ വീടുകളിലേക്ക് മടങ്ങിയത്.

സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കർഷകർ വിജയദിനമായി കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. കേന്ദ്ര സർക്കാരിന് മുന്നിൽവെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാൻ സംയുക്ത മോർച്ച സമരം അവസാനിപ്പിച്ചത്. കർഷകർക്ക് ഒഴിയാൻ ഈ മാസം 15 വരെ ഹരിയാന, യുപി സർക്കാർ സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.

Exit mobile version