ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടുമുന്‍പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂര്‍ പോലീസിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവരം നല്‍കിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മലയാളിയായ കോയമ്പത്തൂര്‍ രാമനാഥപുരം തിരുവള്ളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫറായ വൈ. ജോയ് എന്ന കുട്ടിയാണ് കാട്ടേരി റെയില്‍പാളത്തിന് സമീപം നില്‍ക്കവെ നിര്‍ണായക വീഡിയോ പകര്‍ത്തിയത്. ജോയ്, സുഹൃത്ത് എച്ച്. നാസര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.
താഴ്ന്ന് പറന്ന ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിനകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുന്നത്.
അപകടം നടന്ന പ്രദേശത്തെ ഹൈട്രാന്‍സ്മിഷന്‍ വൈദ്യുതി ലൈനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. വനമേഖലയിലും തോട്ടങ്ങളിലും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്.
അതിനിടെ തകര്‍ന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങള്‍ അന്വേഷണ സംഘം നീക്കും. വെല്ലിംഗ്ടണ്‍ ആര്‍മി കന്റോണ്‍മെന്റിലേക്കാണ് യന്ത്ര ഭാഗങ്ങള്‍ കൊണ്ടു പോകുക. പ്രദേശത്ത് ശാസ്ത്രീയ പരിശോധന ഇന്നും തുടരുകയാണ്.
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് കരസേന ആദരമൊരുക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങില്‍ വ്യോമസേന ദക്ഷിണ്‍ ഭാരത് ഏരിയ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ അരുണ്‍ പങ്കെടുക്കും. മുതിര്‍ന്ന വ്യോമ കരസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
ഡിസംബര്‍ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.