ബംഗളൂരു: പശു വിഴുങ്ങിയ സ്വർണം വീണ്ടെടുക്കാൻ ശസ്ത്രക്രിയ നടത്തി കർണാടകയിലെ ഒരു കുടുംബം. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസി താലൂക്കിലെ ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ വീട്ടിലാണ് അസാധാരണ സംഭവം നടന്നത്. ഇയാളുടെ പശുവിനെസ്വർണം വിഴുങ്ങിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് പശു സ്വർണം വിഴുങ്ങിയത്. പൂജയ്ക്കിടെ ഭാഗമായി പശുവിനെ സ്വർണമാലയും പൂമാലയും അണിയിച്ചിരുന്നു. 20 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് പശുവിന്റെ കഴുത്തിൽ ചാർത്തിയിരുന്നത്. പൂജയ്ക്കുശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയും സ്വർണമാലയും കാണാതാവുകയായിരുന്നു.
വീട് മുഴുവൻ തെരഞ്ഞ് മടുത്തപ്പോഴാണ് സ്വർണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയർന്നത്. പിന്നീട് ചാണകത്തിലൂടെ മാല പുറത്തുവരുന്നതും കാത്ത് കുടുംബമിരുന്നു. ഒരു മാസത്തോളം പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും മാല കിട്ടിയില്ല.
Read also-അധികൃതർ കൈയ്യൊഴിഞ്ഞു; പൊതുവഴി നന്നാക്കി ഭിന്നശേഷിക്കാരൻ
തുടർന്നാണ് കുടുംബം സമീപത്തെ മൃഗഡോക്ടറെ സമീപിച്ചത്. ഡോക്ടറുടെ മേൽനോട്ടത്തിൽ മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ പശുവിന്റെ ശരീരത്തിൽ സ്വർണം ഉള്ളതായി സ്ഥിരീകരിച്ചു. സ്‌കാനിങ്ങിന് വിധേയമാക്കി നടത്തി സ്വർണത്തിന്റെ സ്ഥാനം കണ്ടെത്തി. ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ നടത്തി സ്വർണം പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുമ്പോൾ സ്വർണത്തിന് 18 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. മാലയുടെ ഒരു കഷ്ണം കാണാതായിട്ടുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിച്ചുവരികയാണ്.