ലക്നൗ: പിതാവിനൊപ്പം ചായ വിൽപന നടത്തി ഹിമാൻഷു ഗുപ്ത നേടിയത് ഐഎഎസ്. ഉത്തർ പ്രദേശ് സ്വദേശിയാണ് ഹിമാൻഷു. ബറേലിയിലെ കൊച്ചുചായക്കടയിലാണ് ഹിമാൻഷു പിതാവിനൊപ്പം ചായ വിറ്റിരുന്നത്. കഷ്ടപ്പാടും കഠിനാധ്വാനവും പ്രാരാബ്ധങ്ങളും നിറഞ്ഞതായിരുന്നു സിവിൽ സർവീസിലേക്കുള്ള ഹിമാൻഷുവിന്റെ യാത്ര. മൂന്നാം തവണയാണ് തന്റെ ലക്ഷ്യമായ ഐ.എ.എസിലേക്ക് എത്തിച്ചേർന്നത്. 2019-ലെ സിവിൽ സർവീസസ് പരീക്ഷയിൽ 304-ാം റാങ്കാണ് ഹിമാൻഷു കരസ്ഥമാക്കിയത്.
ചെറുനഗരമായ സിറോലിയിൽനിന്നാണ് ഹിമാൻഷു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വീട്ടിൽനിന്ന് 35 കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ. പ്രതിദിനം 70 കിലോമീറ്ററോളമാണ് ഹിമാൻഷു സഞ്ചരിച്ചിരുന്നത്. ദിവസവേതനക്കാരനായിരുന്നു ഹിമാൻഷുവിന്റെ പിതാവ്. പിന്നീടാണ് ചായ കട ആരംഭിച്ചത്. ശേഷം പിതാവിനൊപ്പം ഹിമാൻഷുവും സഹായത്തിന് എത്തുകയായിരുന്നു. യു.പി.എസ്.സി. പരീക്ഷ പാസാവുക എന്ന ലക്ഷ്യം മുൻനിർത്തി ചായക്കടയിൽ ഇരിക്കുന്ന സമയത്ത് ദിനപത്രങ്ങളും വായിക്കുക പതിവായിരുന്നു.
മറ്റു സിവിൽ സർവീസ്മോഹികളിൽനിന്ന് വ്യത്യസ്തമായി, പരിശീലനം നേടുന്നതിന് ഡൽഹിയിലേക്ക് പോകുന്നതിന് പകരം തനിച്ച് പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് ഡിജിറ്റൽ പഠനസാമഗ്രികളെയും വീഡിയോകളെയും ആശ്രയിച്ച് പഠനം നടത്തി.
ഡൽഹി സർവകലാശാലയിൽനിന്നാണ് ഹിമാൻഷു ബിരുദപഠനം പൂർത്തിയാക്കിയത്. ആദ്യമായി താനൊരു മെട്രോ സിറ്റിയിൽ എത്തിയത് അപ്പോഴായിരുന്നെന്ന് ഹിമാൻഷു പറയുന്നു. കുട്ടികൾക്ക് ട്യൂഷൻ എടുത്തും സർക്കാർ സ്കോളർഷിപ്പിൽ നിന്നുമൊക്കെയാണ് ഹിമാൻഷു പഠനത്തിനായുള്ള പണം കണ്ടെത്തിയിരുന്നത്. ബിരുദത്തിനു ശേഷം എം.എസ് സിക്ക് ചേർന്നു. യു.ജി.സി. നെറ്റ് യോഗ്യതയും നേടി. ഗേറ്റിൽ മുൻനിര റാങ്ക് നേടിയ ഹിമാൻഷു, സർവകലാശാല ടോപ്പറുമായി.
പഠനം പൂർത്തിയാക്കിയതിന് പിന്നാലെ പി.എച്ച്.ഡി. ചെയ്യാൻ വിദേശത്തേക്ക് പോകാൻ അവസരം ലഭിച്ചു. എന്നാൽ ഇന്ത്യയിൽത്തന്നെ ജോലിചെയ്യാൻ ഇദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ തന്നെ ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് യു.പി.എസ്.സി. പരീക്ഷാപരിശീലനവും ആരംഭിച്ചു. അതിനിടെ ഒരു സർക്കാർ കോളേജിൽ റിസർച്ച് സ്കോളറായി ചേരുകയും ചെയ്തു. സ്റ്റൈപ്പൻഡ് ലഭിക്കുന്നതിനെക്കൂടാതെ പഠനത്തിന് അനുകൂലമായ അന്തരീക്ഷം ലഭ്യമാകുന്നതിനും ഈ തീരുമാനം സഹായിച്ചെന്ന് ഹിമാൻഷു പറയുന്നു.