അഹമ്മദാബാദ് : മതവികാരം വ്രണപ്പെടുമെന്നാരോപിച്ച് ഗുജറാത്തില്‍ നോണ്‍ വെജ് തട്ടുകടകള്‍ അടപ്പിച്ച നടപടിയില്‍ അധികാരികള്‍ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോര്‍പ്പറേഷനെ താക്കീത് ചെയ്ത കോടതി പിടിച്ചെടുത്ത കടകള്‍ 24 മണിക്കൂറിനുള്ളില്‍ വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടു.
രൂക്ഷമായ ഭാഷയിലാണ് കോടതി അധികൃതരെ വിമര്‍ശിച്ചത്. ആളുകള്‍ എന്ത് കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടെന്നും വഴിയില്‍ മുട്ട വില്ക്കുന്നതിഷ്ടമല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ കടയടപ്പിക്കാന്‍ ചാടിപ്പുറപ്പെടരുതെന്നും കോടതി പറഞ്ഞു.”എന്താണ് നിങ്ങളുടെ പ്രശ്നം ? നിങ്ങള്‍ക്ക് നോണ്‍ വെജ് ഇഷ്ടമല്ലെങ്കില്‍ അത് നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്. ഞാനെന്ത് കഴിക്കണമെന്ന് നിങ്ങളെന്നോട് പറയേണ്ട. നാളെ കാപ്പി ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞ് നിങ്ങളെന്നോട് കാപ്പി കുടിക്കേണ്ടെന്ന് പറയുമോ ? അങ്ങനെ പറയാന്‍ നിങ്ങള്‍ക്കെന്താണവകാശം ?” കോടതി ചോദിച്ചു.
അഹമ്മദാബാദ് ഉള്‍പ്പടെ നാല് കോര്‍പ്പറേഷനുകളില്‍ കഴിഞ്ഞമാസം പ്രധാനറോഡുകളുടെ വശങ്ങളിലെ നോണ്‍ വെജ് തട്ടുകടകള്‍ നീക്കം ചെയ്യാന്‍ കോര്പ്പറേഷന് നിര്‍ദേശം നല്‍കിയിരുന്നു. മതവികാരം വ്രണപ്പെടുമെന്നാരോപിച്ചായിരുന്നു നടപടി. ഇതിനെതിരെ തെരുവുകച്ചവടക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.
എന്നാല്‍ അങ്ങനെയൊരു സമീപനമല്ലെന്നും റോഡുകളില്‍ ഗതാഗതത്തിന് തടസ്സമായി നില്ക്കുന്ന കടകള്‍ നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കോര്‍പ്പറേഷന്റെ മറുപടി. കോര്‍പ്പറേഷനുകളുടെ നീക്കം വിമര്ശനത്തിനിടയാക്കിയപ്പോള് തന്നെ ബിജെപി നേതൃത്വം ഇടപെട്ടിരുന്നു.
നോണ്‍ വെജ് വില്‍പ്പനയ്ക്ക് സംസ്ഥാനത്ത് തടസ്സമില്ലെന്ന് മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും വ്യക്തമാക്കിയിരുന്നു. കോടതിയിലും ഇതേ മറുപടി തന്നെയാണ് അധികാരികള്‍ നല്‍കിയിരിക്കുന്നത്. പരാതിക്കാര്‍ കോര്‍പ്പറേഷനെ സമീപിച്ചാല്‍ ഒരു ദിവസത്തിനകം സാമഗ്രികള്‍ വിട്ടു നല്‍കാനാണ് കോടതി നിര്‍ദേശം.
Discussion about this post