ന്യൂഡല്‍ഹി: ഊട്ടി കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിന്‍ ലക്ഷ്മണ്‍ സിങ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു.
വൈകീട്ട് എട്ടിന് ഡല്‍ഹി പാലം വിമാനത്താവളത്തിലാണ് സൈനികരുടെ മൃതദേഹം എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സേനാമേധാവിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
8.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെ പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും സൈനിക മേധാവിമാരടക്കമുള്ളവരും ആദരവ് അര്‍പ്പിച്ചു.
ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയല്‍ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ വിട്ടു നല്‍കുക.
നാലു പേരുടെ മൃതദേഹമാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവരുടേത് തിരിച്ചറിയാനുണ്ട്. അവരുടെ ബന്ധുക്കളോട് ഡല്‍ഹിയിലെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അടയാളങ്ങള്‍ നോക്കി അവര്‍ക്ക് തിരിച്ചറിയാനായിട്ടില്ലെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തും.
നാളെ കാലത്ത് റാവത്തിന്റെയും ഭാര്യയുടെ മൃതദേഹം ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് ഡല്‍ഹി ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കാരം നടക്കും. ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡറിന്റെ മൃതദേഹം 9.30 ന് ഡല്‍ഹിയില്‍ സംസ്‌കരിക്കും. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്ന് സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ച മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.
#WATCH PM Narendra Modi leads the nation in paying tribute to CDS General Bipin Rawat, his wife Madhulika Rawat and other 11 Armed Forces personnel who lost their lives in the military chopper crash yesterday pic.twitter.com/6FvYSyJ1g6
— ANI (@ANI) December 9, 2021
Discussion about this post