ന്യൂഡല്‍ഹി : വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി കേന്ദ്രം. സമരക്കാര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കര്‍ഷക സംഘടനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സിംഘുവില്‍ യോഗം ചേരും. അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കാനാണ് കര്‍ഷക സംഘടനകള്‍ ആലോചിക്കുന്നത്.
പ്രക്ഷോഭം പിന്‍വലിച്ചാല്‍ കേസുകള്‍ ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. കേസുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ വീടുകളിലേക്ക് മടങ്ങൂ എന്ന നിലപാടിലായിരുന്നു കര്‍ഷകര്‍.