ഇനിമുതല്‍ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി: ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ദാശ്ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം. ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ കുറച്ചു നാളായി റിസ്വി വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു.

ബാബരി മസ്ജിദിനെതിരായ പരാമര്‍ശങ്ങള്‍ മുതല്‍ ഏറ്റവുമൊടുവില്‍ ഖുര്‍ആനിലെ 26 വചനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ദാശ്ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ് ആണ് മതംമാറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇനിമുതല്‍ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്നാകും റിസ്വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു.

താന്‍ ഇസ്ലാമില്‍ നിന്ന് ഭ്രഷ്ടനായതാണെന്നും ഓരോ വെള്ളിയാഴ്ചയും തന്റെ തലയ്ക്കുള്ള പാരിതോഷികത്തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മതംമാറ്റ ചടങ്ങിനുശേഷം റിസ്വി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ സനാതന ധര്‍മത്തിന്റെ മാര്‍ഗം സ്വീകരിക്കുകയാണെന്നും റിസ്വി പറഞ്ഞു.

മരിച്ചാല്‍ സ്വന്തം മൃതദേഹം ഖബറടക്കരുതെന്നും ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ഒരു വീഡിയോയിലൂടെ വസീം റിസ്വി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗാസിയാബാദിലെ ദാശ്ന ക്ഷേത്രത്തിലെ പൂജാരിയായ നരസിംഗ ആനന്ദ സരസ്വതിയാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നും വിഡിയോയില്‍ റിസ്വി വ്യക്തമാക്കി.

റിസ്വിയുടെ മതംമാറ്റത്തെ ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് സ്വാഗതം ചെയ്തു. വസീം റിസ്വി ഇനി സനാതന ധര്‍മത്തിന്റെ ഭാഗമാണെന്നും ഹിന്ദു മഹാസഭ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി ചക്രപാണി പ്രതികരിച്ചു. ഒരു മതഭ്രാന്തനും ഇനി റിസ്വിക്കെതിരെ ഫത്വയിറക്കാന്‍ ധൈര്യപ്പെടില്ലെന്നും ചക്രപാണി വ്യക്തമാക്കി.

Exit mobile version