ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ ഓമിക്രോണ്‍ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്കി ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്സ് കണ്‍സോര്‍ഷ്യം(ഐ.എന്‍.എസ്.എ.സി.ഒ.ജി.).
കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐ.എന്‍.എസ്.എ.സി.ഒ.ജി. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഐ.എന്‍.എസ്.എ.സി.ഒ.ജിയുടെ ശുപാര്‍ശ. രാജ്യത്ത് ഇതുവരെ രണ്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതുവരെ വാക്സിന് സ്വീകരിക്കാത്തതും എന്നാല്‍ ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് വാക്സിന് നല്‍കുക, നാല്‍പ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്നീ ശുപാര്‍ശകളാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. രോഗം ഗുരുതരമാകുന്നതിനെ തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്സിനുകളില്‍നിന്നുള്ള, കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റിബോഡികള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സാധിച്ചേക്കില്ല. അതിനാല്‍ രോഗബാധിതരാകാന്‍ കൂടുതല്‍ സാധ്യതയുള്ളവരെയും രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും വേണം പ്രഥമ പരിഗണന നല്‍കാനെന്നും കണ്‍സോര്‍ഷ്യം പ്രതിവാര ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ഒമിക്രോണ്‍ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സര്‍വൈലന്‍സ് നിര്‍ണായകമാണെന്നും കണ്‍സോര്‍ഷ്യം വിലയിരുത്തി. ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍നിന്നും അവിടേക്കുമുള്ള യാത്രകള്‍, ഒമിക്രോണ്‍ ബാധിത മേഖലകളുമായി ബന്ധമുള്ള കോവിഡ് പോസിറ്റീവ് വ്യക്തികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തല്‍ എന്നിവ ശക്തിപ്പെടുത്തണമെന്നും കണ്‍സോര്‍ഷ്യം നിര്‍ദേശിച്ചു. കൂടാതെ പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്നും കണ്‍സോര്‍ഷ്യം പ്രതിവാര ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ബ്രിട്ടനും അമേരിക്കയും വിവിധ പ്രായത്തിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നത് ശരിവെച്ചിരുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് പൂര്‍ണ പ്രതിരോധം ലഭിക്കാന്‍ ബൂസ്റ്റര്‍ വാക്സിന് കൂടി നല്‍കണമെന്നാണ് അമേരിക്കയിലെ പകര്‍ച്ചവ്യാധി സ്പഷ്യലിസ്റ്റായ ആന്റണി ഫൗസി പറയുന്നത്.
ഘടനപരമായ മാറ്റം വന്ന ഒമിക്രോണ്‍ പടരാന്‍ സാധ്യത കൂടുതലാണെന്നാണ് ഐഎന്‍എസ്എസിഒജി മുന്നറിയിപ്പ് നല്‍കുന്നത്. ഈ വകഭേദം ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ എല്ലാ പ്രവിശ്യകളിലും രോഗബാധ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post