ന്യൂഡല്‍ഹി : ബോളിവുഡ് നടി കങ്കണയുടെ കാര്‍ വളഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. ചണ്ഡീഗഢ്-ഉന്നാവ് ഹൈവേയിലെ കിരാത്പൂരില്‍ അരങ്ങേറിയ പ്രതിഷേധം പോലീസെത്തിയാണ് നിയന്ത്രിച്ചത്.
കര്‍ഷക സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് കങ്കണ പല തവണ സമൂഹമാധ്യമങ്ങളില്‍ സ്‌റ്റോറികളിട്ടിരുന്നു. കര്‍ഷകരെ ഖാലിസ്ഥാന്‍ തീവ്രവാദികളായും ദേശവിരുദ്ധരായും വിശേഷിപ്പിച്ചുള്ള പ്രസ്താവനകള്‍ പല തവണ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പരാതികള്‍ ഉയരുകയും ചെയ്തിട്ടുണ്ട്.
കര്‍ഷകസമരത്തിനെതിരെ പ്രതികരിച്ചതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ നേരത്തേ വെളിപ്പെടുത്തിയിരുന്നു. വധിക്കുമെന്നതടക്കം തനിക്ക് നിരന്തരം ഭീഷണികള്‍ ലഭിക്കാറുണ്ടെന്നും ഇത്തരം ഭീഷണികള്‍ കണ്ട് ഭയക്കുന്നില്ലെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും നടി പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രീതിയില്‍ തന്നോടാരും ഒന്നിനും ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താനെന്നും കര്‍ഷകരോടൊപ്പമാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും വിശദവിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് കര്‍ഷക നേതാവ് രാകേഷ് ടികായത് അറിയിച്ചിരിക്കുന്നത്.