മുംബൈ: രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയതിന്റെ പേരിൽ നിരന്തരം പീഡനം ഏറ്റുവാങ്ങിയ മാതാവ് ഇളയ പെൺകുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. മുംബൈയിലെ കാലചൗക്കി പ്രദേശത്താണ് മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത്.
കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്. തന്നെ മയക്കികിടത്തി ഒരു സ്ത്രീ കുഞ്ഞുമായി കടന്നുകളഞ്ഞുവെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാതാവ് വിവരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയാറാക്കുകയും ചെയ്തു. കുഞ്ഞിനെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
പക്ഷെ, യുവതിയെ പോലീസ് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. 2011ൽ വിവാഹിതയായ യുവതിക്ക് 2013ൽ പെൺകുഞ്ഞ് പിറന്നു. പിന്നീട് യുവതി ഗർഭിണിയായപ്പോഴൊക്കെ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഭർതൃമാതാപിതാക്കൾ അവരെ ദുർമന്ത്രവാദത്തിന് വിധേയമാക്കിയിരുന്നു. ഇത്തരത്തിൽ മൂന്ന് തവണയാണ് പെൺകുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നതെന്ന സംശയത്തിൽ ഗർഭഛിദ്രം നടത്തിയത്.
ഒരു വർഷം മുമ്പ് യുവതി വീണ്ടും ഗർഭം ധരിക്കുകയും കുഞ്ഞിനെ പ്രസവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ആഗസ്റ്റിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതോടെ ഭർതൃമാതാപിതാക്കൾ യുവതിക്ക് വിലക്ക് ഏർപ്പെടുത്തുകയും ഇവരെ സ്വന്തം വീട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. ഇതേതുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചത്.
Discussion about this post