ഇന്ത്യയില്‍ ഒമിക്രോണ്‍ : കര്‍ണാടകയില്‍ എത്തിയ രണ്ട് പേരില്‍ വൈറസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കര്‍ണാടകയിലെത്തിയ രണ്ട് പേരിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നത്.

വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.66ഉം 46ഉം വയസ്സുള്ള ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. പത്ത് പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.ലോകത്താകമാനം 29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

Exit mobile version