പോരാളി തോൽക്കില്ല! കുഞ്ഞിനെ കടിച്ചെടുത്തു; പുലിയുടെ വായ പിളർത്തി കുഞ്ഞിന്റെ ജീവൻരക്ഷിച്ച് അമ്മ; ചികിത്സ ചെലവ് ഏറ്റെടുത്ത് മുഖ്യമന്ത്രി

ഭോപ്പാൽ: സ്വന്തം കുഞ്ഞിന്റെ ജീവൻ അപകടത്തിലായാൽ ലോകത്തിലെ ഏറ്റവും വലിയ പോരാളിയാകാൻ അമ്മമാർ മടിക്കില്ല. ഇത്തരത്തിൽ പുള്ളിപ്പുലിയുടെ വായിൽ അകപ്പെട്ട കുഞ്ഞിനെ ധൈര്യം സംഭരിച്ച് നേരിട്ട് തിരിച്ചുപിടിച്ചിരിക്കുകയാണ് ഈ അമ്മ.

മധ്യപ്രദേശിലാണ് സംഭവം. സിദ്ധി ജില്ലയിലെ സഞ്ജയ് ഗാന്ധി ദേശീയ പാർക്കിന് സമീപമുള്ള ഗ്രാമത്തിലെ ആദിവാസി സ്ത്രീയാണ് പുലിയെ തോൽപ്പിച്ച് പുലിയുടെ വായിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ചത്. വലിയ പോരാട്ടത്തിനൊടുവിലാണ് കിരൺ എന്ന യുവതി വിജയം കണ്ടത്. ദേശീയോദ്യാനത്തിന് സമീപം സംരക്ഷിതമേഖലയിലെ ബാഡി ജിരിയ ഗ്രാമത്തിലാണ് കിരണും മകനും താമസിക്കുന്നത്. ഇരുവരും ഇപ്പോൾ സോഷ്യൽമീഡിയയിൽ താരങ്ങളായിരിക്കുകയാണ്.

ഞായറാഴ്ച വൈകുന്നേരം കുടിലിന് പുറത്ത് തീകാഞ്ഞ് ഇരിക്കുകയായിരുന്ന കിരണിനും മക്കൾക്കും നേരെ പുലി കുതിക്കുകയായിരുന്നു. ആറുവയസ്സുള്ള രാഹുലും അവന്റെ രണ്ട് സഹോദരങ്ങളുമാണ് അമ്മയുടെ സമീപത്തിരുന്നിരുന്നത്. ഇതിനിടെ കാട്ടിൽ നിന്നും ഇറങ്ങിയെത്തിയ പുള്ളിപുലി രാഹുലിനേയും കടിച്ചുകൊണ്ട് കാട്ടിലേക്ക് കുതിച്ചത്. തന്റെ കൺമുന്നിൽ വെച്ച് മകൻ ആക്രമിക്കപ്പെട്ടപ്പോൾ നോക്കി നിൽക്കാതെ കിരൺ ചെറിയ കുഞ്ഞിനെ മൂത്ത കുട്ടിയുടെ അടുത്തേൽപ്പിച്ച് പുലിക്ക് പിന്നാലെ പാഞ്ഞടുക്കുകയായിരുന്നു.

ഒരു കിലോമീറ്ററിലധികം കാട്ടിലൂടെ പുലിയെ പിന്തുടർന്ന ഇവർ ആദ്യം വടിയുപയോഗിച്ച് പുലിയെ നേരിടുകയും ശബ്ദമുണ്ടാക്കി പുലിയെ ഭയപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തിൽ കുഞ്ഞിനും തനിക്കും മുറിവുകളേറ്റിട്ടും രക്തം ഒഴുകിയിട്ടും അവർ വിട്ടില്ല. പുലിയുടെ വായിൽ കുരുങ്ങിയ മകനെ വായ പിളർത്തിയാണ് തിരികെ സ്വന്തമാക്കിയത്.

കിരണിന്റെ ധൈര്യത്തെ പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു. സംസ്ഥാന വനംവകുപ്പ് കിരണിന്റെയും മകന്റെയും ചികിത്സാ ചെലവുകൾ പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version