ന്യൂഡല്‍ഹി : ഡിസംബര്‍ 15ന് പുനരാരംഭിക്കാനിരുന്ന വിദേശ വിമാന സര്‍വീസുകള്‍ പിന്‍വലിച്ച് കേന്ദ്രം. ഒമിക്രോണ്‍ വകഭേദത്തിനെതിരെയുള്ള പ്രതിരോധനടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകനയോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോടെ വിദേശ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാന ആശയം മുന്നോട്ട് വെച്ചിരുന്നു. എയര്‍ ബബിള്‍ കരാര്‍ പ്രകാരം നിലവിലെ സര്‍വീസുകള്‍ തുടരും.
ഡിസംബര്‍ 15ന് പുനരാരംഭിക്കാനിരുന്ന വിദേശ സര്‍വീസുകളാണ് മരവിപ്പിച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീടറിയിക്കും. സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തേ അറിയിച്ചതനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ടിക്കറ്റ് എടുത്തിരുന്നത്. സര്‍ക്കാര്‍ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയാണ്.
അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ നാല് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.