ലഖ്നൗ: പഠനത്തില്‍ മിടുമിടുക്കിയായിട്ടും തുടര്‍പഠനത്തിന് ചേരാന്‍ പണമില്ലാതെ വിഷമിച്ച ദളിത് പെണ്‍കുട്ടിയുടെ അഡ്മിഷന് തുക നല്കി സ്വന്തം പോക്കറ്റില്‍ നിന്ന് നല്കി അലഹബാദ് ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ദിനേഷ് കുമാര്‍ സിംഗ് ആണ് സഹായ ഹസ്തം നീട്ടി രംഗത്ത് വന്നത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച സംസ്കൃതി രഞ്ജന്‍ എന്ന 17 കാരിയുടെ പ്രവേശന ഫീസാണ് ജസ്റ്റിസ് നല്‍കിയത്. പിന്നാലെ പെണ്‍കുട്ടിയുടെ ബാക്കി ഫീസും പഠന ചെലവുകളും ഏറ്റെടുത്ത് അഭിഭാഷകരും രംഗത്തെത്തി. സംസ്കൃതി രഞ്ജന്‍ താന്‍ പഠിച്ച സ്കൂളിലെ ടോപ് സ്കോററാണ്. ദേശീയ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ 92.77 ശതമാനം മാര്‍ക്ക് നേടി, പട്ടികജാതി വിഭാഗത്തില്‍ 2,062-ാം സ്ഥാനത്തെത്തി. ഒടുവില്‍ ആശിച്ച കോളേജില്‍ പ്രവേശനം ലഭിച്ചു.
എന്നാല്‍ ബി.എച്ച്.യുവിന്റെ മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ പഞ്ചവത്സര കോഴ്സിന് ചേരാനുള്ള അഡ്മിഷന് ഫീസ് സംസ്കൃതിയുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. വൃക്കരോഗിയായ അച്ഛന് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. വൃക്ക മാറ്റിവയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇതിനിടയില്‍ പഠനത്തിനുള്ള തുക കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി തീരുകയായിരുന്നു.
ഫീസ് ഇനത്തില്‍ 15,000 രൂപയാണ് നല്‍കേണ്ടത്. സഹായിക്കാന്‍ ആരുമില്ലാതെ വന്നതോടെ കോളേജ് ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചില്‍ അപ്പീല്‍ നല്കി. അഡ്മിഷന് സമയം നീട്ടി നല്കാന് ഹര്‍ജിക്കാരിയും അവളുടെ പിതാവും ജോയിന്റ് സീറ്റ് അലോക്കേഷന് അതോറിറ്റിക്ക് പലതവണ കത്തെഴുതിയെങ്കിലും അതോറിറ്റിയില്‍ നിന്ന് മറുപടിയൊന്നും വന്നിട്ടില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദിനേഷ് കുമാര്‍ സിംഗ് ഫീസ് സ്വന്തം കൈയ്യില്‍ നിന്ന് എടുത്ത് നല്‍കുകയായിരുന്നു.
ട്യൂഷനും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെ കുട്ടിയുടെ മുഴുവന്‍ കോഴ്സ് ഫീസ് അഭിഭാഷകരും നല്‍കുമെന്ന് അറിയിച്ചു. ഇതോടെ ആഗ്രഹിച്ച വിദ്യാഭ്യാസം ആഗ്രഹിച്ച കോളേജില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നതിന്റെ സന്തോഷത്തിലാണ് സംസ്കൃതി ഇപ്പോള്‍. ഹൈക്കോടതി ജഡ്ജിക്കും മറ്റ് അഭിഭാഷകര്‍ക്കും ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
Discussion about this post