അഹമ്മദാബാദ്: ഉച്ചയുറക്കത്തിന്റെ പേരില്‍ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ പീഡനം. സംഭവത്തില്‍ കുടുംബത്തിനിതിരെ പോലീസില്‍ പരാതി നല്‍കി. ഗുജറാത്തിലെ അഹമ്മദാബാദിലെ ഷാഹിബാഗ് സ്വദേശിയായ 24 കാരിയാണ് ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പകല്‍ ഉറക്കം ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇഷ്ടമല്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് യുവതി വെളിപ്പെടുത്തി.
2016ലായിരുന്നു ഇവരുടെ വിവാഹം. തുടക്കം മുതലേ ഉച്ചയുറക്കത്തെ ഭര്‍തൃവീട്ടുകാര്‍ എതിര്‍ത്തിരുന്നു. അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലി മുഴുവന്‍ ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് ഉച്ചയ്ക്ക് ഉറങ്ങി പോകുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും മര്‍ദ്ദനം പതിവായെന്ന് യുവതി പരാതിപ്പെട്ടു.
ശാരീരികോപദ്രവം കൂടിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ശേഷം, പോലീസുകാരുടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കൊടുവില്‍ യുവതി തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തന്നെ മടങ്ങി. എന്നാല്‍, പഴയതിലും ക്രൂരമായിട്ടാണ് പിന്നീട് തന്നോട് പെരുമാറിയതെന്ന് അവര്‍ പറഞ്ഞു. ഗര്‍ഭിണിയായതോടെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിട്ടു.
ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരില്‍ നിരന്തരം ഉപദ്രവം തുടങ്ങിയെന്നും യുവതി പറയുന്നു. ഈ വര്‍ഷമാദ്യം ഭര്‍ത്താവ് വീടുപേക്ഷിച്ചു പോയി. തുടര്‍ന്ന് സമുദായ നേതാക്കള്‍ ഇടപെട്ടിട്ടും അവളെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. അതോടെ, ഭര്‍തൃവീട്ടുകാരുടെ ഉപദ്രവും വര്‍ധിക്കുകയും ചെയ്തു. ശേഷം ഗതികെട്ടാണ് പോലീസില്‍ വീണ്ടും പരാതിയുമായി എത്തിയത്.