എസ്‌ഐയ്ക്ക് സ്ഥലംമാറ്റം, കണ്ണീരോടെ യാത്രയാക്കി നാട്ടുകാര്‍; കരച്ചിലടക്കാനാവാതെ എസ്‌ഐയും

അഹമ്മദാബാദ്: പ്രിയപ്പെട്ടവര്‍ ദൂരങ്ങളിലേക്ക് പോവുമ്പോള്‍ വിഷമം ഉണ്ടാകുന്നത് സാധാരണയാണ്. എസ്‌ഐയ്ക്ക് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ വികാരധീനരാവുന്ന നാട്ടുകാരാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

നൂറുകണക്കിന് പേരാണ് എസ്‌ഐയ്ക്ക് യാത്രയയപ്പ് നല്‍കാനായി സ്‌റ്റേഷനിലേക്ക് എത്തിയത്. ഗുജറാത്തിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഖേദ്ബ്രഹ്‌മ പട്ടണത്തിലെ സബ് ഇന്‍സ്‌പെക്ടറായ വിശാല്‍ പട്ടേലിനാണ് നാട്ടുകാരുടെ ഹൃദ്യമായ യാത്രയയപ്പ് ലഭിച്ചത്.

നാട്ടുകാരും സഹപ്രവര്‍ത്തകരും വികാരാധീനരായതോടെ പോലീസുകാരന്റെ കണ്ണും നിറഞ്ഞൊഴുകി. യാത്രയയപ്പിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടയാളായിരുന്ന എസ്‌ഐ പരാതികളുമായി വരുന്ന ജനങ്ങളോട് മാന്യമായി പെരുമാറുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നയാളായിരുന്നു. അങ്ങനെ നാട്ടുകാര്‍ക്ക് ഇയാള്‍ പ്രിയപ്പെട്ടയാളായി. ഇതിനിടെ വിശാലിന് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റം കിട്ടി.


വിശാലിന് യാത്രയയപ്പ് നല്‍കാന്‍ നിരവധി പേരാണ് സ്റ്റേഷനിലെത്തിയത്. നാട്ടുകാര്‍ ഓരോരുത്തരായി വിശാലിനെ കെട്ടിപ്പിടിച്ചു. ചിലര്‍ക്ക് കരച്ചിലടക്കാനായില്ല. ഇടയ്ക്ക് വിശാലും കണ്ണീരണിഞ്ഞു. ഇദ്ദേഹവും കണ്ണ് തുടയ്ക്കുന്നത് വീഡിയോയില്‍ കാണാം. ഇദ്ദേഹം യാത്ര ചോദിക്കുമ്പോള്‍ ആളുകള്‍ ഇദ്ദേഹത്തിന്റെ മേല്‍ പൂക്കള്‍ ചൊരിയുന്നതും വീഡിയോയില്‍ കാണാം.

Exit mobile version