ജേവാർ വിമാനത്താവളം 2024 സെപ്റ്റംബറിൽ പൂർത്തിയാക്കണം; ഇല്ലെങ്കിൽ പ്രതിദിനം 10 ലക്ഷം രൂപ പിഴ; ഭീമൻതുകയുടെ പിഴ കരാറിൽ ഉൾപ്പെടുത്തി

നോയിഡ: ഉത്തർപ്രദേശിൽ വരാൻ പോകുന്ന ജേവാർ വിമാനത്താവളത്തിന്റെ നിർമ്മാണം സംബന്ധിച്ച് അന്തിമ കരാറായി. നിശ്ചിത സമയത്തിനുള്ളിൽ ജേവാർ വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ കരാർ കമ്പനിയിൽ നിന്ന് പിഴയായി ഭീമൻ തുക ഈടാക്കാൻ വ്യവസ്ഥ ഉൾപ്പെടുത്തിയാണ് അന്തിമ കരാർ.

വിമാനത്താവളത്തിന്റെ നിർമ്മാണം വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയാണ് പിഴ ചുമത്തുക. 2024 സെപ്തംബർ 29നാണ് പണി പൂർത്തിയാക്കാനുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി വൈകുന്ന ഓരോ ദിവസവും കെട്ടിവെച്ച ബാങ്ക് ഗ്യാരന്റിയുടെ 0.1 ശതമാനം നൽകാൻ കമ്പനി ബാധ്യസ്ഥരാകുമെന്ന് കരാറുകാരായ സൂറിച്ച് എജിയും യുപി സർക്കാരും വ്യക്തമാക്കി.

ബാങ്ക് ഗ്യാരണ്ടിയായി സൂറിച്ച് എജി 100 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. സൂറിച്ച് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതല.

Exit mobile version