ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടും ന്യൂഡൽഹിയിൽ സമരം തുടരുകയാണ് കർഷകർ. ഇതോടെ രാജ്യതലസ്ഥാനത്ത് തുടരുന്ന കർഷകരോട് പ്രക്ഷോഭം അവസാനിപ്പിച്ച് നാടുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ രംഗത്തെത്തി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കേയാണ് കൃഷിമന്ത്രിയുടെ അഭ്യർത്ഥന.
‘മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷവും കർഷകർ സമരം തുടരുന്നതിൽ അർഥമില്ല. കർഷകരോട് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ അഭ്യർഥിക്കുന്നു’ -തോമർ പറഞ്ഞു.
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച അവതരിപ്പിക്കും. അന്നേദിവസം പാർലമെൻറിൽ ഹാജരാകാൻ ലോക്സഭ എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്.
കാർഷിക നിയമങ്ങൾ ഔദ്യോഗികമായി പിൻവലിച്ച് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ.
Discussion about this post