ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ കേരളം. നിതീ ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്സിലാണ് കേരളത്തിന് നേട്ടം. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍.
റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്താണ്. മേഘാലയ(32.67) ആണ് അഞ്ചാമത്.
പട്ടികയില്‍ ഏറ്റവും താഴെയാണ് കേരളം. കേരളത്തില്‍ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. ഗോവ(3.76), സിക്കിം (3.82), തമിഴ്നാട്(4.89), പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ഓക്സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും രീതിശാസ്ത്രപ്രകാരമാണ് നിതി ആയോഗ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യം കണക്കാക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയാണ് പ്രധാനമായി പരിഗണിക്കുന്നത്. പോഷകാഹാരം, ശിശുമരണം, കൗമാരക്കാരുടെ മരണം, സ്‌കൂള്‍ വിദ്യാഭ്യാസം, ഗര്‍ഭസ്ഥ ശിശുപരിചരണം, പാചക ഇന്ധനം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളം, വൈദ്യുതി, ഭവനം, സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നിവയും പ്രധാന മാനദണ്ഡങ്ങളാണ്.
മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി സൂചികയില്‍ നില മെച്ചപ്പെടുത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ പൊതുനയങ്ങള്‍ രൂപീകരിക്കുന്നതില്‍ എംഡിപി ഇന്‍ഡക്സ് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.