പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭാര്യയും ഭര്‍ത്താവും 16 വയസ്സുള്ള മകളും 10 വയസ്സുള്ള മകനുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചു.
ദളിത് വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ അയല്‍വാസികളായ ഉന്നത ജാതിക്കാരാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ച് രംഗത്തെത്തി. പ്രദേശവാസികളായ 11 പേര്‍ക്കെതിരെ പോലീസ് കൊലപാതകം, ബലാത്സംഘം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരുടേത് മുറ്റത്തുമായാണ് കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ മഴുപോലുള്ള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉള്ളതായി പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട കുടുംബവും അയല്‍വാസികളും തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നതായും കഴിഞ്ഞ സെപ്തംബര്‍ മാസം അയല്‍വാസികള്‍ ഇവരെ മര്‍ദിച്ചിരുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post