ഭോപാല്‍: ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം നോക്കി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി 21കാരി രംഗത്ത്. തന്റെ ഭര്‍ത്താവ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണെന്നും സ്‌കൂളില്‍ പോകുന്ന സമയം മുതലെടുത്താണ് ഉപദ്രവിക്കുന്നതെന്ന് മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ താമസിക്കുന്ന രാജസ്ഥാന്‍കാരിയായ യുവതി ആരോപിച്ചു.
സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. പീഡനം, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി വെളിപ്പെടുത്തി.
രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവിനൊപ്പമെത്തിയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ നല്‍കിയത്. പിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും ഭാര്യയെ പിന്തുണച്ചാല്‍ തന്നെ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും 22-കാരനായ ഭര്‍ത്താവ് മൊഴി നല്‍കി.
അതേസമയം, മരുമകളുടെ പരാതി വ്യാജമാണെന്നാണ് ഭര്‍തൃപിതാവും ആരോപിച്ചു. കുടുംബത്തിലെ സ്വത്ത് തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നും ഭര്‍തൃപിതാവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഇതിനുശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും പോലീസ് പറയുന്നു.