തിരുച്ചി: തമിഴ്‌നാട്ടിലെ കാരൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കുട്ടിയെ പഠിപ്പിച്ചിരുന്ന അധ്യാപകനും ആത്മഹത്യ ചെയ്ത നിലയിൽ. തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 19നാണ് സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.
കുട്ടി താൻ ലൈംഗിക പീഡനത്തിനിരയായതായി ആത്മഹത്യകുറിപ്പിൽ പറഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ ഗണിതഅധ്യാപകനാണെന്ന ആരോപണമുയർന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ.
കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് തിരിച്ചെത്തിയ പെൺകുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന സമയം തൂങ്ങിമരിക്കുകയായിരുന്നു. അയൽവാസിയാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. പിന്നീട് പോലീസെത്തി മുറിയിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.
കരൂർ ജില്ലയിൽ ലൈംഗിക പീഡനം കാരണം ജീവൻ അവസാനിപ്പിക്കുന്ന അവസാനത്തെ പെൺകുട്ടിയായിരിക്കട്ടെ താനെന്നും തന്റെ മരണത്തിന് പിന്നിലാരാണെന്ന് വെളിപ്പെടുത്തുന്നത് ഭയമാണെന്നും പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.