ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടന്‍ സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. ഇക്കൊല്ലം അവസാനത്തോടെ ഇത് സാധ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നവംബര്‍ മുപ്പതുവരെ നീട്ടുകയും ചെയ്തിരുന്നു.
നിലവില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി 25-ല്‍ അധികം രാജ്യങ്ങളുമായി ഇന്ത്യക്ക് എയര്‍ ബബിള്‍ സംവിധാനമുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മില്‍ എയര്‍ ബബിള്‍ സംവിധാനമുണ്ടെങ്കില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി രണ്ടു രാജ്യത്തെയും വിമാനങ്ങള്‍ക്ക് രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നടത്താനാകും.