ഭുവനേശ്വര്‍ : ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം കോഴികള്‍ ഹൃദയാഘാതം വന്ന് ചത്തുവെന്ന വിചിത്ര പരാതിയുമായി പൗള്‍ട്രി ഫാം ഉടമ. ഒഡിഷയിലെ കണ്ടഗരടി സ്വദേശി രഞ്ജിത് പരിദയാണ് നീലഗിരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അയല്‍വാസിയായ രാമചന്ദ്രന് പരിദയുടെ വീട്ടില്‍ നടന്ന വിവാഹ ഘോഷയാത്രയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതം മൂലം തന്റെ ഫാമിലെ 63 കോഴികള്‍ ഹൃദയാഘാതം വന്ന് ചത്തുവെന്നാണ് രഞ്ജിത്തിന്റെ പരാതി. ഞായറാഴ്ച രാത്രി 11.30 ഓടെ ഫാമിന് മുന്നിലൂടെ ഡിജെ ബാന്‍ഡുമായി വിവാഹ ഘോഷയാത്ര കടന്നു പോയിരുന്നു. ഡിജെ ഫാമിനടുത്തെത്തിയപ്പോള്‍ കോഴികള്‍ വിചിത്രമായി പെരുമാറിയെന്നാണ് രഞ്ജിത്തിന്റെ വിശദീകരണം.
സംഗീതത്തിന്റെ ശബ്ദം കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും വിവാഹസംഘം കൂട്ടാക്കിയില്ലെന്നും തുടര്‍ന്ന് കോഴികള്‍ തളര്‍ന്നു വീഴുകയായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. ഉച്ചത്തിലുള്ള ശബ്ദമാണ് കോഴികളുടെ മരണത്തിന് കാരണമെന്നാണ് ഡോക്ടറും പറഞ്ഞതെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
രാമചന്ദ്രനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നല്കാന് തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് രഞ്ജിത് പോലീസിനെ സമീപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ വെച്ച് ഇരുവിഭാഗവും പ്രശ്നം രമ്യമായി പരിഹരിച്ചതായി ബാലസോര്‍ പോലീസ് എസ്പി സുധാന്ഷും മിശ്ര പറഞ്ഞു.
എഞ്ചിനീയറിംഗ് ബിഗുദധാരിയായ രഞ്ജിത് തൊഴിലില്ലായ്മ മൂലം 2019ലാണ് ബ്രോയിലര്‍ ഫാം ആരംഭിച്ചത്. നീലഗിരിയിലെ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തായിരുന്നു ഫാമിന്റെ തുടക്കം. സംഭവത്തോടെ 180കിലോ കോഴിയിറച്ചിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് രഞ്ജിത് അറിയിച്ചു.
Discussion about this post