മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണമെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് എന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു. എന്തു കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്. അതിൽ ബോർഡ് ഇടപെടാറില്ല. ഡയറ്റിനെപ്പറ്റി ചർച്ച ചെയ്തിട്ടേയില്ല. അത്തരം നിർബന്ധബുദ്ധി കാണിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെ ഇത്തരമൊരു ചർച്ച വന്നു എന്നത് പോലും അറിയില്ല. എന്റെ അറിവിൽ ഡയറ്റുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല. താരങ്ങൾക്ക് ഭക്ഷണ സ്വാതന്ത്ര്യമുണ്ട്. ബിസിസിഐക്ക് അതിൽ പങ്കില്ല. ചിലപ്പോൾ ഏതെങ്കിലും താരങ്ങളുടെ തെരഞ്ഞെടുപ്പിൽ ഹലാൽ ഉൾപ്പെട്ടിട്ടുണ്ടാവും. ഇത് ബിസിസിഐ നിർദേശമല്ല. എന്ത് കഴിക്കണം, കഴിക്കരുത് എന്ന് ബിസിസിഐ ഒരിക്കലും പറയാറില്ല. താരങ്ങൾക്ക് അവരവരുടെ ഭക്ഷണം തിരഞ്ഞെടുക്കാം. സസ്യാഹാരിയോ മാംസാഹാരിയോ ആവുകയെന്നതും അവരവരുടെ ഇഷ്ടമാണെന്നും ധുമാൽ പറഞ്ഞു.
ഭക്ഷണത്തിൽ പന്നിയിറച്ചിയും ബീഫും ഏതെങ്കിലും രൂപത്തിൽ കഴിക്കുന്നതിനു വിലക്കേർപ്പെടുത്തിയെന്നും വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകൾക്ക് മുന്നോടിയായാണ് മെനു പുതുക്കിയത് എന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ബിസിസിഐ ഇക്കാര്യം വിശദീകരിച്ചത്.
Discussion about this post