ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യന്‍ സ്വാമി ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3.30 തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഡല്‍ഹിയിലുള്ള വസതിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
മോഡി സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങളില്‍ സ്ഥിരം വിമര്‍ശകനായ സുബ്രഹ്‌മണ്യ സ്വാമിയെ കഴിഞ്ഞ മാസം ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബിജെപി എന്നത് സ്വാമി ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വാമി-മമത കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമതയുടെ കാലിന് പരിക്കേറ്റപ്പോള്‍ സ്വാമി ആയുരാരോഗ്യ സൗഖ്യം നേരുകയും ചെയ്തു. ഇത് ബംഗാള്‍ ബിജെപിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. മമത ബാനര്‍ജി ‘പക്കാ ഹിന്ദുവും ദുര്‍ഗ ഭക്തയും’ ആണെന്നും അവരുടെ രാഷ്ട്രീയം വ്യത്യസ്തമാണെന്നുമാണ് 2020-ല്‍ സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.
ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വറും മുന്‍ എംപി കീര്‍ത്തി ആസാദും കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു.