രാജ്‌കോട്ട്: ആദ്യം പരീക്ഷ, പിന്നെ കല്ല്യാണം. സര്‍വകലാശാല പരീക്ഷയെഴുതി നേരെ കതിര്‍മണ്ഡപത്തിലേക്ക്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ശിവാംഗി ബാഗ്തരിയ എന്ന വിദ്യാര്‍ഥിനിയാണ് വിവാഹ ദിവസം പരീക്ഷയെഴുതാനായി തന്റെ വരനൊപ്പം എത്തിയത്.
ഗുജറാത്തിലെ ശാന്തി നികേതന്‍ കോളജില്‍ ബിഎസ്ഡബ്ല്യൂ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ശിവാംഗി. അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ശിവാംഗിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍, ദീപാവലി അവധിക്ക് പിന്നാലെ സൗരാഷ്ട്ര സര്‍വകലാശാല പരീക്ഷകള്‍ ഇന്ന് ആരംഭിച്ചതാണ് തിരിച്ചടിയായത്.
വിവാഹ ദിവസം തന്നെയാണ് പരീക്ഷ വരുന്നെതെന്ന് മനസ്സിലാക്കിയതോടെ വിവാഹം മാറ്റിവെക്കുന്നതിനെക്കുറിച്ചാണ് ആദ്യം ആലോചിച്ചതെന്ന് ശിവാംഗിയുടെ വരന്‍ പറയുന്നു. കല്ല്യാണത്തെക്കാള്‍ പ്രാധാന്യം പഠനത്തിനാണെന്നും സമൂഹത്തെ സേവിക്കാന്‍ ലക്ഷ്യമിടുന്ന തനിക്ക് ഈ ബിരുദം അത്യാവശ്യമാണെന്നുമാണ് ശിവാംഗിയുടെ പ്രതികരണം.
വിവാഹത്തിനായി അല്‍പം വൈകിയ മുഹൂര്‍ത്തം തെരഞ്ഞെടുത്താണ് ശിവാംഗി ബന്ധുക്കള്‍ക്കും പ്രതിശ്രുത വരനുമൊപ്പം പരീക്ഷാഹാളിലെത്തിയത്. വിവാഹ വസ്ത്രത്തില്‍ ആഭരണങ്ങളും മേക്കപ്പുമൊക്കെയിട്ട് സഹപാഠി പരീക്ഷയ്ക്കെത്തിയ കൗതുകത്തിലായിരുന്നു ശിവാംഗിയുടെ സുഹൃത്തുക്കള്‍.
അതേസമയം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രവൃത്തിയാണ് ശിവാംഗിയുടേതും കുടുംബത്തിന്റേതുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍. നിരവധി പേരാണ് ശിവാംഗിക്കും വരനും ആശംസകളും പ്രശംസകളുമായെത്തുന്നത്.
Discussion about this post